റാവൽപിണ്ടി : പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 55 റൺസിന്റെ തകർപ്പൻ ജയം. 195 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 18.1 ഓവറിൽ 139 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
37 റൺസ് നേടിയ സയിം അയൂബാണ് ടോപ് സ്കോറർ. മുഹമ്മദ് നാവാസ് (36), സാഹിബ്സാദ ഫർഹാൻ (24) എന്നിവരൊഴിക മറ്റാർക്കും പാക് നിരയിൽ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് നാലും ജോർജി ലിൻഡെ മൂന്നും ലിസാദ് വില്ല്യംസ് രണ്ടുവിക്കറ്റും വീഴ്ത്തി.
സ്കോർ: ദക്ഷിണാഫ്രിക്ക 194/9 പാക്കിസ്ഥാൻ 139 (18.1). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസാണ് എടുത്തത്. റീസ ഹെൻഡ്രിക്സ്സിന്റെ (60) അർധ സെഞ്ചുറിയുടെയും ജോർജി ലിൻഡെയുടെയും (36) ടോണി ഡി സോർസിയുടെയും (23) വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് എടുത്തു. സയിം അയൂബ് രണ്ട് വിക്കറ്റും ഷഹീൻ അഫ്രീഡി നസീം ഷാ അബ്രാർ അഹ്മമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജോർജി ലിൻഡെയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം 31ന് നടക്കും.